25 December 2024

വാഷിങ്ടണ്‍: തന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡൗഗ് എംഹോഫ്. തന്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു എന്നാണ് ഡൗഗ് എംഹോഫ് പ്രതികരിച്ചത്. നാനി എന്ന യുവതിയുമായി ഡൗഗ് എംഹോഫിന് ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.

എന്റെ ആദ്യ വിവാഹ സമയത്ത്, എന്റെ ചില കാര്യങ്ങളാല്‍ ഞാനും ആദ്യ ഭാര്യയായ കെര്‍സ്റ്റിനും ചില ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോയി. അതിന് ഞാന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് ഡൗഗ് എംഹോഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2009-ല്‍ ഇരുവും വിവാഹമോചനത്തിന് അപേക്ഷിച്ചതായി കോടതി രേഖകളുണ്ട്. ഡൗഗ് എംഹോഫിന്റെയും കെര്‍സ്റ്റിന്റെയും കുട്ടികളുടെ സ്‌കൂളിലെ അധ്യാപികയുമായിരുന്ന നാനി എന്ന സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി എംഹോഫ് രംഗത്ത് വന്നത്. ആദ്യ ബന്ധത്തിന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞെങ്കിലും നാനിയുടെ പേര് പരാമര്‍ശിക്കാനോ അവരുടെ ഗര്‍ഭവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ അഭിസംബോധന ചെയ്യാനോ എംഹോഫ് തയ്യാറായതുമില്ല.

കെര്‍സ്റ്റിനും വിഷയത്തോട് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. പല കാരണങ്ങളാല്‍ ഞാനും ഡഗും വിവാഹബന്ധം വേര്‍പ്പെടുത്തുകയുണ്ടായി. അദ്ദേഹം ഞങ്ങളുടെ കുട്ടികള്‍ക്ക് നല്ലൊരു പിതാവും എന്റെ നല്ല സുഹൃത്തുമാണ്. കമലയും ഞാനും തമ്മില്‍ നല്ല ബന്ധമാണുളളത് എന്നാണ് കെര്‍സ്റ്റിന്‍ പറഞ്ഞത്. എംഹോഫുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഈ കാര്യങ്ങള്‍ അറിയാമായിരുന്നുവെന്ന് കമല ഹാരിസും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണായക ദിവസങ്ങളിലേക്ക് കമല ഹാരിസ് കടക്കുമ്പോഴാണ് ഇത്തരത്തിലുളള വാര്‍ത്തകള്‍ വരുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യകാല പ്രചാരണ സമയത്ത് ലഭിച്ചിരുന്ന സ്വീകാര്യത നിലനിര്‍ത്തേണ്ടത് ഹാരിസിന് ഇപ്പോള് അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!