ന്യൂയോര്‍ക്ക്: നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൈറ്റ് ഹൗസിലെത്തി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡനെ കാണാനാണ് നിയുക്ത പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഓവല്‍ ഓഫീസിലെത്തിയത്. നേരത്തെ സുഗമമായ അധികാര കൈമാറ്റം ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പ പരാജയത്തിന് ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ അധികാരകൈമാറ്റത്തിനുള്ള നടപടികള്‍ വൈറ്റ് ഹൗസില്‍ സജീവമാണ്. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാര്‍ഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അധികാരം കൈമാറുന്നതിന് മുന്‍പായി ബൈഡന്‍ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ കൂടിക്കാഴ്ച.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്ക് ട്രംപ് സൂസി വില്‍സിനെ നിയമിച്ചിരുന്നു. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരു പ്രധാന മുഖമായിരുന്നു സൂസി വില്‍സിന്റേത്. ഭരണത്തിലെത്തിതിന് പിന്നാലെ ട്രംപ് ആദ്യമായി നിയമനം നല്‍കിയതും സൂസിക്കാണ്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റിന്റെ നയ രൂപവത്കരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ ഘടന തുടങ്ങിയ നിയന്ത്രിക്കുകയും ചെയുകയാണ് പ്രധാനമായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍.
തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. പുടിനുമായുള്ള സംഭാഷണത്തില്‍ യുക്രെയ്ന്‍ യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും റഷ്യയുമായി യുഎസ് ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്‌ലോറിഡയിലെ മാര്‍ ഇ ലാഗോ എസ്റ്റേറ്റില്‍ നിന്നായിരുന്നു ട്രംപ് പുടിനുമായി സംസാരിച്ചത്. ചര്‍ച്ചയില്‍ യുഎസിന് യൂറോപ്പിലുള്ള സൈനിക വിന്യാസത്തിന്റെ വലുപ്പം എന്തെന്ന് ട്രംപ് പുടിനെ ഓര്‍മിപ്പിച്ചു. യുക്രെയ്നുമായുള്ള സംഘര്‍ഷം ഒരു തീരുമാനവും ആകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.