തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. അത്യാഹിത വിഭാഗത്തില്‍ നിന്നും സി ടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റില്‍ രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റില്‍ കുടുങ്ങി. എമര്‍ജന്‍സി അലാറം മുഴക്കുകയും ഡോക്ടര്‍ ഫോണില്‍ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.
ശനിയാഴ്ച്ച നടുവേദനയുടെ ചികിത്സക്കെത്തിയ രോഗി രണ്ട് ദിവസമായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നിരുന്നത്. സൂപ്രണ്ട് ഓഫീസിലെ ഒ പി ബ്ലോക്ക് ലിഫ്റ്റിലായിരുന്നു രവിയെന്നയാള്‍ കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരെയും ഡ്യൂട്ടി സര്‍ജനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറിയാണ് തിരുമല രവി.