24 December 2024

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത് ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരെയും അധികൃതരെയും ദില്ലിയില്‍ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ്. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മിക്കവരും സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ കമ്പനി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 76 വിമാന സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ക്യാബിന്‍ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാലത്ത് മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആണ് മുടങ്ങിയത്. അല്‍ ഐന്‍, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആണ് മുടങ്ങിയത്. സര്‍വീസുകള്‍ റദ്ദ് ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തില്‍ എത്തി

കണ്ണൂരില്‍ ഇന്ന് നാല് വിമാനങ്ങള്‍ റദാക്കി. ഷാര്‍ജ, മസ്‌കറ്റ്, ദമാം, അബുദാബി വിമാനങ്ങളാണ് മുടങ്ങിയത്. മസ്‌കറ്റ്, ദമാം വിമാനങ്ങള്‍ റദാക്കിയെന്ന അറിയിപ്പ് ഇന്നലെ നല്‍കിയിരുന്നു. എന്നാല്‍ പുലര്‍ച്ചെ 4.20നുള്ള ഷാര്‍ജ വിമാനം സര്‍വീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചത്. നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവസാന നിമിഷമാണ് വിമാനം റദാക്കിയെന്ന് അറിയിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. കമ്പനി ജീവനക്കാരുമായി വാക്കറ്റമുണ്ടായി.

ഇന്നലെ റദാക്കിയ ഷാര്‍ജ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് ഇന്ന് പുലര്‍ച്ചേയുള്ള വിമാനത്തില്‍ ടിക്കറ്റ് പുനക്രമീകരിച്ചു നല്‍കിയിരുന്നു. ഇവരുടെ യാത്ര വീണ്ടും മുടങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ മസ്‌ക്കറ്റിലേക്ക് പോകേണ്ട വിമാനവും കൊല്‍ക്കത്തയിലേക്കുള്ള ആഭ്യന്തരസര്‍വീസും റദ്ദാക്കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് 8.30 നുള്ള വിമാനവും 8. 40 നുള്ള തിരുവനന്തപുരം – ബെംഗളുരു, 9 മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം – അബുദാബി വിമാനങ്ങള്‍ ആണ് റദാക്കിയത്. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രക്കാര്‍ പലരും വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തു വിമാനങ്ങളാണ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!