എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തി വന്ന പ്രതിഷേധ സമരം പിന്‍വലിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാനും ധാരണയായി. മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മീഷന്‍ ഇടപെട്ടായിരുന്നു ചര്‍ച്ച. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പും മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ട്.
മുന്‍കൂട്ടി അറിയിക്കാത്ത ജോലിയില്‍ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇന്നലെ രാത്രി തന്നെ ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടുള്ള നോട്ടീസ് ഇ-മെയില്‍ മുഖേന അയച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്താണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതുമൂലം നൂറ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായും 15000ലധികം യാത്രക്കാരെ ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്.
ന്യായമായ കാരണങ്ങളില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയുമാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് നോട്ടീസില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് പറയുന്നു. കൂട്ട അസുഖ അവധി നിയമങ്ങളുടെ ലംഘനമാണെന്ന് മാത്രമല്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂള്‍സിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു.
ജീവനക്കാര്‍ സുഖമില്ലെന്ന് വിമാനം ഷെഡ്യൂള്‍ ചെയ്ത ശേഷമാണ് അറിയിച്ചത്. പിന്നീട് മറ്റ് കാബിന്‍ ക്രൂ അംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മനസിലായി. ഇത് വ്യക്തമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ന്യായമായ കാരണങ്ങളില്ലാതെ ജോലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ ആണെന്നും നോട്ടീസില്‍ പറയുന്നു.