നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്കാനർ സ്ഥാപിക്കുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസിന്റെ അനുമതി. മേയ് മാസത്തോടെ ഡൽഹി വിമാനത്താവളത്തിലായിരിക്കും ആദ്യമായി സ്ഥാപിക്കുക. നെടുമ്പാശ്ശേരി ഉൾപ്പെടെ മറ്റ് ചില വിമാനത്താവളങ്ങളിൽ പരീക്ഷണാർഥം സ്ഥാപിച്ച് പോരായ്മകൾ എന്തൊക്കെയെന്ന് പരിശോധിച്ചിരുന്നു. ഇത് പരിഹരിച്ചാണ് ദൽഹിയിൽ സ്ഥാപിക്കുന്നത്.
മണിക്കൂറിൽ 300 യാത്രക്കാരെവരെ പരിശോധിക്കാൻ സാധിക്കും. നെടുമ്പാശ്ശേരിയിൽ ആറെണ്ണം സ്ഥാപിക്കാനാണ് നിർദേശം. ഒരു മെഷീന് മൂന്നുകോടി രൂപയാണ് വില. ഫുൾ ബോഡി സ്കാനർ സജ്ജമാകുന്നതോടെ ശരീരത്തിലൊളിപ്പിച്ച് സ്വർണവും മയക്കുമരുന്നും കടത്തുന്നത് വലിയൊരളവുവരെ തടയാം. മാത്രമല്ല വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യും. വിദേശരാജ്യങ്ങളിലെ പല വിമാനത്താവളങ്ങളിലും ഫുൾ ബോഡി സ്കാനർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.