അജിത്-മകിഴ് തിരുമേനി ചിത്രം ‘വിടാമുയര്‍ച്ചി’ യുടെ കാത്തിരുന്ന ഫസ്റ്റ് ലുക്കെത്തി. കയ്യിലൊരു ബാഗുമായി ജാക്കറ്റ് ധരിച്ച് കൂളിംഗ് ഗ്ലാസില്‍ നടന്നുവരുന്ന അജിത്താണ് പോസ്റ്ററിലുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടാമുയാര്‍ച്ചിയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ദൃഢമായ ഒരു കഥയ്ക്കായി നിങ്ങള്‍ കാത്തിരിക്കുക എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ടുകൊണ്ട് കുറിച്ചത്.
കഴിഞ്ഞ ദിവസം ‘വിടാമുയര്‍ച്ചി’ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് എക്സ് പ്ലാറ്റ്ഫോമില്‍ ‘ഞായറാഴ്ച 7.03 പിഎം’ എന്ന് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് വിടാമുയര്‍ച്ചി അപ്ഡേറ്റായിരിക്കും എന്ന പ്രവചനവും സമൂഹ മാധ്യമങ്ങളില്‍ നടത്തി. അജിത്തിന്റെ 62-ാം ചിത്രമാണ് ‘വിടാമുയര്‍ച്ചി’.
ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാല്‍ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്ജുന്, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിര്‍വഹിച്ച നീരവ് ഷാ ആണ് ‘വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.