ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ ഇസ്രായേലി ചാരസോഫ്റ്റ്‍വെയറായ പെഗാസസ് ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകൾ കണ്ടെത്തി ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബ്. ‘ദ വയർ’ലെ സിദ്ധാർത്ഥ് വരദരാജൻ, ഓർഗനൈസ് ക്രൈം ആൻഡ് കറപ്ഷൻ റിപോർട്ടിങ് പ്രൊജക്ടിലെ (ഒ.സി.സി.ആർ.പി) ആനന്ദ് മംഗ്നാലെ എന്നിവരുടെ ഫോണിലാണ് പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയത്. വാഷിങ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയിലെ മാധ്യമപ്രവർത്തകരെ പെഗാസസ് ഇരയാക്കിയത് ആംനെസ്റ്റി വെളിപ്പെടുത്തിയത്.
ഇത് രണ്ടാംതവണയാണ് സിദ്ധാർത്ഥ് വരദരാജന്‍റെ ഫോണിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തുന്നത്. 2021ൽ ആഗോളവ്യാപകമായി ഫോണുകൾ ചോർത്തപ്പെട്ടവരുടെ വിവരങ്ങൾ ‘പെഗാസസ് പ്രൊജക്ടി’ലൂടെ ആംനെസ്റ്റി പുറത്തുവിട്ടിരുന്നു. അന്നും സിദ്ധാർത്ഥ് വരദരാജന്‍റെ ഫോണിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്താരാഷ്ട്രതലത്തിലുള്ള മാധ്യമകൂട്ടായ്മാണ് പെഗാസസ് പ്രൊജക്ടിൽ പ്രവർത്തിച്ചത്. മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകളിൽ പെഗാസസ് ചാരസോഫ്റ്റ്‍വെയർ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അദാനി ഗ്രൂപ്പിന്‍റെ ബിസിനസ് ഇടപെടലുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഒ.സി.സി.ആർ.പിയിലെ മാധ്യമപ്രവർത്തകനായ ആനന്ദ് മംഗ്നാലെയുടെ ഫോണിൽ പെഗാസസ് ആക്രമണമുണ്ടായതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. അദാനിയുടെ നിയമംലംഘനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ലേഖനത്തിൽ പ്രതികരണം തേടി ഒ.സി.സി.ആർ.പി ആഗസ്റ്റ് 23ന് അദാനി ഗ്രൂപ്പിന് ഇ-മെയിൽ ചെയ്തിരുന്നു. ഈ ഇ-മെയിൽ അയച്ച് 24 മണിക്കൂറിനകം ആനന്ദ് മംഗ്നാലെയുടെ ഫോണിൽ പെഗാസസ് കടന്നുകയറിയതായി ആംനെസ്റ്റിയുടെ പരിശോധനയിൽ കണ്ടെത്തി.
ഒക്ടോബറില്‍, ഇന്ത്യയിലെ പെഗാസസ് ഇരകള്‍ക്ക് ആപ്പിൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘സർക്കാർ സ്പോൺസേഡ് ഹാക്കർമാരുടെ’ ആക്രമണമുണ്ടെന്നാണ് ആപ്പിൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിളിന് മേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യയിലിപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ അടക്കം ഫോണുകളില്‍ പെഗാസസ് സാന്നിധ്യമുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് പെഗാസസ് ചാരസോഫ്റ്റ്‍വെയർ നിർമിക്കുന്നത്. ആളുകളുടെ ഫോണുകളിൽ അവരറിയാതെ കടന്നുകയറാനും വിവരങ്ങൾ ചോർത്താനും മാറ്റങ്ങൾ വരുത്താനുമെല്ലാം പെഗാസസിന് സാധിക്കും. അതേസമയം, സർക്കാർ ഏജൻസികൾക്ക് മാത്രമേ തങ്ങൾ പെഗാസസ് നൽകുന്നുള്ളൂവെന്നാണ് എൻ.എസ്.ഒ ഗ്രൂപ്പ് പറയുന്നത്.