മലപ്പുറത്ത് അഞ്ച് വയസുകാരിയെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.തീവ്ര പരിചരണ യൂണിറ്റിലെ വെന്റിലേറ്ററിലാണ് കുട്ടി തുടരുന്നത്. ഒരാഴ്ച മുമ്പ് കുട്ടി പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും അണുബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛര്‍ദ്ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
പതിനായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇതിന് മുമ്പ് ആലപ്പുഴ ജില്ലയിലാണ് ഇക്കഴിഞ്ഞ ജൂലൈയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല ഇത്. അമീബ ശരീരത്തിലേക്ക് കടന്നാല്‍ മാത്രമേ അസ്വസ്ഥതകള്‍ അനുഭവപ്പെടൂ. മാലിന്യം കലര്‍ന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണമാകും. അതിനാല്‍ തന്നെ ഇവ ഒഴിവാക്കണം. കേരളത്തില്‍ 2017ല്‍ ആലപ്പുഴ നഗരസഭയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.