കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണിട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി പൊലീസ്. അനിതകുമാരിയും അനുപമയും ചേർന്നാണ് ഹണിട്രാപ്പിന് പദ്ധതി തയ്യാറാക്കിയത്. ഇതുസംബന്ധിച്ച് വിശദമായ പ്ലാൻ ഇരുവരും ചേർന്ന് എഴുതി തയ്യാറാക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി.
അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽ നിന്നാണ് ഹണി ട്രാപ്പിനുള്ള സംഘത്തിന്റെ പദ്ധതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങൾ എഴുതിവെച്ചു. കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ് തട്ടിപ്പിനും പദ്ധതി തയ്യാറാക്കി. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി പദ്മകുമാറിന്റെ ഒഴുകുപാറയ്ക്കടുത്ത് തെങ്ങുവിളയിലുള്ള ഫാമിൽ ഞായറാഴ്ച നടന്ന തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. പ്രതികൾ തട്ടിക്കൊണ്ടുപോയ സമയത്ത് കുട്ടിയുടെ കൈയിലുണ്ടായിരുന്ന പെൻസിൽ ബോക്സ് ഫാമിൽനിന്ന് അടുത്ത പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് കണ്ടെടുത്തു. ശനിയാഴ്ച മാമ്പള്ളികുന്നത്തെ വീട്ടിൽവച്ച് ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ ബാഗ് ഫാമിൽവച്ച് കത്തിച്ചുകളഞ്ഞതായി പ്രതികൾ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫാമിൽ നായ്ക്കളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനുസമീപം ചാരം കിടന്നയിടത്തുനിന്ന് ബാഗിന്റെ അവശിഷ്ടങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.