23 December 2024

ഹേമ കമ്മിറ്റിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടി. പ്രത്യേക അന്വേഷണ ഏജന്‍സി തന്നെ ഇത് വരെയും സമീപിച്ചിട്ടില്ല എന്ന് നടി പറയുന്നു. നാളെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നീക്കം.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്ന് സംസ്ഥാന വനിത കമ്മീഷന്‍ വ്യക്തമാക്കി. അന്വേഷണം തടസ്സപ്പെട്ടാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടും എന്ന് കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 11 എണ്ണവും ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണ്. നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ആരെയൊക്കെ ബന്ധപ്പെടണമെന്ന് അന്വേഷണസംഘത്തിന് തീരുമാനിക്കാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!