തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇനിയും അവസരം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബര്‍ 25 രാവിലെ 11 മുതല്‍ ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി സ്വീകരിക്കും.
ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ സാധിക്കാത്തവര്‍ക്കായിട്ടാണ് വീണ്ടും അവസരമൊരുക്കിയിരിക്കുന്നത്.
അതേസമയം, അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട് – അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം ഭൂമി – ഏതെങ്കിലും അംഗത്തിന്റെ പേരില്‍ നാല്ചക്ര വാഹനം – എല്ലാ അംഗങ്ങള്‍ക്കും കൂടി 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം – ഇതില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല. അനര്‍ഹമായി കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഫോണ്‍: 0468 2222212.