പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയില്‍ കോയിപ്രവും കോറ്റാത്തൂര്‍- കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. എ ബാച്ചില്‍ കോയിപ്രവും ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിയും മന്നം ട്രോഫിയില്‍ മുത്തമിട്ടു.
നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയില്‍ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള.
എ, ബി ബാച്ചുകളിലായി 49 വള്ളങ്ങല്‍ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങള്‍ ജല ഘോഷയാത്രയിലും പങ്കെടുത്തു. കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുതവഴി പള്ളിയോടം ജലമേളക്ക് എത്തിയില്ല.
51 പള്ളിയോടങ്ങളുടെ ജലഘോഷയാത്രയോടെയാണ് വള്ളംകളി മത്സരം തുടങ്ങിയത്. രാവിലെ ഒമ്പതരയ്ക്ക് കളക്ടര്‍ പതാക ഉയര്‍ത്തിയതോടെ ജലമേളയ്ക്ക് തുടക്കമായി. ഫിനിഷിങ് പോയിന്റായ സത്രക്കടവില്‍ ഓരോ വള്ളവും കുതിച്ചെത്തുന്ന സമയം രേഖപ്പെടുത്തിയാണ് ജേതാവിനെ കണ്ടെത്തിയത്.
വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.