വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഈ വിഷയത്തില്‍ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ സംസാരിക്കാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിക്കും മുമ്പിലായിരിക്കും ഇക്കാര്യം ഉന്നയിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഇതിനിടെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തത വരുത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ മറുപടി ശരിവെക്കുന്നതാണ് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവിയുടെ പ്രസ്ഥാവന. വയനാട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയില്‍ പല തവണ സംസ്ഥാനത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര പറഞ്ഞു. കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ റെഡ് അലേര്‍ട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.
എന്നാല്‍ അമിത് ഷായുടെ ആരോപണങ്ങളോട് പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം തന്നെ. ഇവയ്ക്ക് ശേഷമാണ് മുന്നറിയിപ്പ് ലഭിച്ച സമയത്തെക്കുറിച്ചും ഉരുള്‍പൊട്ടലുണ്ടായ സമയത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അവകാശവാദത്തിനെതിരെ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. അമിത് ഷായ്ക്കെതിരെ പ്രത്യേകാവകാശ പരാതി നല്‍കി. കോണ്‍ഗ്രസ് എംപി ജയറാം രമേശാണ് പ്രിവിലേജ് നോട്ടീസ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടലിന് മുന്നോടിയായി കേരള സര്‍ക്കാരിന് മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്. കേരള സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പാലിച്ചില്ലെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രിവിലേജ് നോട്ടീസില്‍ ജയറാം രമേശ് ആഭ്യന്തര മന്ത്രിയുടെ ഈ വാദം തള്ളി.