കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. രണ്ട് ആഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ സന്ദീപ് ഘോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്.
ആര്‍ജി കറിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ നേരത്തെ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. അഴിമതിക്കേസില്‍ സന്ദീപ് ഘോഷിനെ സിബിഐ സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.
ആരോപണവിധേയനായ ഡോക്ടറെ ഐഎംഎ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. തുടര്‍ന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തല്‍സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.