തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാന്‍ ഫെര്‍ണാണ്ടോ 7.30 ഓടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തും. ഒന്‍പത് മണിയോടെ കപ്പല്‍ തുറമുഖത്ത് അടുപ്പിക്കും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചരക്കുകപ്പല്‍ വിഴിഞ്ഞംതീരമണയുന്നത്.
നിലവില്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലിലെത്തിച്ചേര്‍ന്നിട്ടുണ്ട്. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ വരവേല്‍ക്കും. തുറമുഖമന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ കപ്പലിനെ സ്വീകരിക്കും. റഷ്യക്കാരനായ വ്‌ലാഡിമര്‍ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവില്‍ ആകെ 22 പേരുണ്ട്. മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നു സൂചന.
നാളെയാണ് ട്രയല്‍ റണ്‍ നടക്കുക.1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കു മുതല്‍ക്കൂട്ടാകുമെന്നും ഇതു സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാര്‍ഥ്യമാക്കുന്ന സ്വപ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേര്‍ത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് ജൂലൈ 12-ന് എത്തിച്ചേരുകയാണ്. 2015- ആഗസ്റ്റ് 17-നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാര്‍ ഒപ്പു വയ്ക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
തുറമുഖം സമയബന്ധിതമായി ഈ വിധത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതല്‍ സര്‍ക്കാര്‍ കൈകൊണ്ടത്. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതല്‍മുടക്ക്. ഇതില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരും 818 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.
വിഴിഞ്ഞം നിവാസികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.
ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതല്‍ക്കൂട്ടാകും. ഇതു സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാര്‍ത്ഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂര്‍വ്വം ഈ നേട്ടം നമുക്ക് ഓരോരുത്തര്‍ക്കും ആഘോഷമാക്കാം.