25 December 2024

കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൗക്കി ആസാദ് നഗറില്‍ വച്ചാണ് കുഡ്‌ലു, പായിച്ചാല്‍ അയോധ്യയിലെ കെ സാവിത്രി കവര്‍ച്ചക്ക് ഇരയായത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. 60 വയസ്സുകാരിക്ക് പ്രതികരിക്കാന്‍ സമയം കിട്ടും മുമ്പേ യുവാവ് കടന്നു കളഞ്ഞു. രണ്ടു പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടാവ് കൊണ്ട് പോയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരിസരത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. നേരത്തെ സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പിടിയിലായവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബേക്കല്‍, മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലപ്പോഴും മോഷ്ടിച്ച ബൈക്കുകളിലെത്തിയാണ് സംഘം മാല തട്ടിപ്പറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!