വയനാട് ഉരുള്‍പൊട്ടലില്‍ ഒരു നാട് മുഴുവന്‍ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഇത് മുതലെടുത്ത് ചിലര്‍ കവര്‍ച്ചക്കായി എത്തുന്നുവെന്ന് പൊലീസ്. ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പൊലീസ് മുന്നറിയിപ്പ് നല്‍കി. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ അവശേഷിപ്പുകള്‍ കവര്‍ച്ച ചെയ്യാനായാണ് ഇവരെത്തുന്നത്.
രക്ഷാപ്രവര്‍ത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കള്‍ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവും ലക്ഷ്യമിട്ടാണ് ഇവര്‍ എത്തുന്നത്. ഇതരസംസ്ഥാനക്കാരാണ് ഇതിന് പിന്നില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാന്‍ മേപ്പാടി പൊലീസ് മുന്നറിയിപ്പ് ഇതിനോടകം നല്‍കി കഴിഞ്ഞു.
മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കര്‍ശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. ചൂരല്‍മലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് പറയുന്നു. മൊഴി കൊടുക്കാന്‍ ആരുമില്ലാത്തതിനാല്‍ പല കേസുകളിലും എഫ്ഐആറിടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടന്നു. പട്ടാളവും പോലീസും ഉള്‍പ്പടെ മുഴുവന്‍ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്.
ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നായിരുന്നു മോഷണം. ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.