മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷം, അടുത്ത 48 മണിക്കൂറിനുള്ളില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഭാവി ഇനി പൊതുജനങ്ങളുടെ കൈകളിലായിരിക്കുമെന്ന് കേജ്രിവാള്‍ ഊന്നിപ്പറഞ്ഞു.
”രണ്ട് ദിവസത്തിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ പോകുന്നു, ജനങ്ങള്‍ വിധി പറയും വരെ ഞാന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ല. എല്ലാ വീടുകളിലും തെരുവിലും ഞാന്‍ പോകും. അതുവരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ല. എനിക്ക് ജനങ്ങളാണ് വിധി കല്‍പ്പിക്കേണ്ടത്. ”അദ്ദേഹം പറഞ്ഞു.
പുതിയ മുഖ്യമന്ത്രിയെ നിയമിക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനകള്‍ക്ക് തന്റെ ‘കരുത്തുറ്റ ദൃഢനിശ്ചയം’ തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നതായും കെജ്രിവാള്‍ പറഞ്ഞു.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തേക്കാള്‍ സ്വേച്ഛാധിപത്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു, കേന്ദ്രത്തെ ആഞ്ഞടിച്ചു.’ഞാന്‍ ജയിലില്‍ നിന്ന് ഒരു കത്ത് മാത്രമാണ് എഴുതിയത്, അതും സ്വാതന്ത്ര്യ ദിനത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എന്റെ അഭാവത്തില്‍ പതാക ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു. കത്ത് തിരികെ നല്‍കി. ഞാന്‍ മറ്റൊന്ന് എഴുതിയാല്‍, എന്റെ കുടുംബത്തെ കാണാന്‍ എന്നെ അനുവദിക്കില്ലെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു.’ ജയിലില്‍ ചെലവഴിച്ച സമയത്തെ കുറിച്ച് കെജ്രിവാള്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന എഎപി നേതാക്കളായ സത്യേന്ദര്‍ ജെയിനും അമാനത്തുള്ള ഖാനും ഉടന്‍ മോചിതരാകുമെന്ന് ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.രാമായണം, ഗീത, ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച ജയിലില്‍ തന്റെ കാലത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.