ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച്
പുത്തന്‍ രൂപഭാവങ്ങളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബീച്ചില്‍ ദിനംപ്രതി എത്രയോ പേരാണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ബീച്ചിന്റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. നാലര കിലോമീറ്ററിലേറെ ഡ്രൈവ് ചെയ്തു പോകാനാവുന്ന ബീച്ചിനോട് ചേര്‍ന്ന് ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ലാറ്റ് ഫോം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ബീച്ചില്‍ ഒരു കിലോമീറ്റര്‍ നീളത്തിലും 18 മീറ്റര്‍ വീതിയുമുള്ള പ്‌ളാറ്റ്‌ഫോം വടക്കെ അറ്റത്തു നിന്ന് തുടങ്ങുന്നു. 25 മീറ്ററോളം ആഴത്തില്‍ പൈലിങ് നടത്തി അതിനുമുകളില്‍ സ്‌ളാബ് വാര്‍ത്തെടുത്താണ് പ്‌ളാറ്റ് ഫോമിന്റെ നിര്‍മ്മാണം. പ്‌ളാറ്റ് ഫോമില്‍ നിന്നും 600 മീറ്ററിനുള്ളില്‍ വെച്ച് ബീച്ചിലേക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. സഞ്ചാരികള്‍ക്ക് ഇരിപ്പിടം, കുട്ടികള്‍ക്കായുള്ള കളിയിടം, നടപ്പാത, സൈക്കിള്‍ ലൈന്‍, ഭക്ഷണശാല, സെക്യുരിറ്റി കാബിന്‍, ശൗചാലയം എന്നീ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ദുബൈയിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതോടെ ഏറെ പ്രതീക്ഷയിലാണ് കേരളത്തിലെ വിനോദ സഞ്ചാരികള്‍.