ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയില്‍ എന്നാല്‍ കേരളത്തിന്റെ പേരില്ല. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്ഡിആര്‍എഫില്‍ നിന്നുള്ള കേന്ദ്രവിഹിതവും എന്‍ഡിആര്‍എഫില്‍ നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നും ശക്തമായ മഴക്കെടുതിയും പ്രളയവും മണ്ണിടിച്ചിലും നേരിട്ട സംസ്ഥാനങ്ങളാണ്.
പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സദാ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസ്സം, മിസോറാം, കേരള, ത്രിപുര, നാഗാലാന്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഇത്തവണ ശക്തമായ മഴയും പ്രളയും മണ്ണിടിച്ചിലുമാണ് നേരിട്ടത്.
നാശനഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ഈ ബാധിത സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ടീമുകളെ (ഐഎംസിടി) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ക്കുള്ള അധിക ധനസഹായം ഐഎംസിടി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം തീരുമാനിക്കും.
ഈ അടുത്തായി പശ്ചിമബംഗാളും ബിഹാറും മഴക്കെടുതി നേരിട്ടിരുന്നു. മഴക്കെടുതി വിലയിരുത്താന്‍ ഐഎംസിടി ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.
ഈ വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ 9044 കോടി രൂപ സഹായമാണ് 21 സംസ്ഥാനങ്ങള്‍ക്കായി എസ്ഡിആര്‍എഫില്‍ നിന്ന് വകയിരുത്തിയത്. എന്‍ഡിആര്‍എഫില്‍ നിന്ന് 4529 കോടി രൂപ 15 സംസ്ഥാനങ്ങള്‍ക്കും വകയിരുത്തി. എസ്ഡിഎംഎഫില്‍ (state disaster mitigation fund) നിന്ന് 11 സംസ്ഥാനങ്ങള്‍ക്ക് 1385 കോടി രൂപയും നല്‍കിയെന്നും കേന്ദ്രം വ്യക്തമാക്കി.