മലപ്പുറം: കെ.എസ്.ആര്.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ചെ മലപ്പുറം പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി. ഡിപ്പോയിലായിരുന്നു സംഭവം. നാലുമണിയോടെ എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സുനില്‍ സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍, വഴിയില്‍ തടസ്സം സൃഷ്ടിച്ച് അബ്ദുള്‍ റഷീദ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു.
ഹോണടിച്ചിട്ടും ഓട്ടോ മാറ്റികൊടുക്കാന്‍ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മര്‍ദിക്കുകയായിരുന്നു . ഇതിനുപിന്നാലെയാണ് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് റഷീദ് കുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സുനില്‍ ഇത് കൈകൊണ്ട് തടുക്കുകയായിരുന്നു. അതെ സമയം ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.