26 December 2024

പത്തനംതിട്ട: അയോധ്യയിലെ രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കണോ വേണ്ടയോയെന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനിക്കട്ടെയെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ. ശശി തരൂർ എം.പി. ചടങ്ങിലേക്ക് തനിക്ക് ക്ഷണമില്ലെന്നും കോൺഗ്രസിലെ നാലോ അഞ്ചോ നേതാക്കൾക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ചടങ്ങിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതിനെ ചിലർ രാഷ്ട്രീയസന്ദേശമായി കണക്കാക്കും. ഒരു ഹിന്ദുഭക്തൻ എന്ന നിലയിൽ തെരഞ്ഞെടുപ്പുകാലം കഴിഞ്ഞ് ക്ഷേത്രത്തിൽ പോയി പ്രാർഥന നടത്തും. തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം സന്ദർശിക്കില്ല. കോൺഗ്രസിൽ മതവിശ്വാസത്തിന് വിലക്കില്ല. എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാം. സീതാറാം യെച്ചൂരിക്കും സി.പി.എമ്മിനും അവരുടേതായ നിലപാടുണ്ട്. കോൺഗ്രസിന്‍റെ നിലപാട് വ്യത്യസ്തമാണ്.

ക്ഷേത്ര നിർമാണമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലാണ് സർക്കാറിന്‍റെ ചുമതല. രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജ മുതൽ ക്ഷേത്ര നിർമാണം വരെ ബി.ജെ.പി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു. ഇപ്പോൾ സമർപ്പണച്ചടങ്ങും അവർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഈ വിഷയത്തിൽ മാധ്യമങ്ങൾ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതു പോലും ബി.ജെ.പിയെ സഹായിക്കും. കോൺഗ്രസ് ഇതുവരെ ലോക്സഭ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല.

തിരുവനന്തപുരത്ത് തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ കഴിഞ്ഞ 15 വർഷത്തെ പ്രവർത്തനം മുൻനിർത്തി വോട്ട് ചോദിക്കും. ബി.ജെ.പിയുടെ ആര് മത്സരിച്ചാലും തിരുവനന്തപുരത്ത് ജയിക്കുമെന്ന കെ. സുരേന്ദ്രന്‍റെ അവകാശവാദത്തിന് മറുപടിയായി, അത്മവിശ്വാസം നല്ലതാണെന്നും ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!