സംസ്ഥാനത്തു വീണ്ടും ബാര്‍ കോഴയുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തായി. മദ്യ നയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിര്‍ദ്ദേശിച്ചു ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച സന്ദേശമാണ് പുറത്തായത്.
ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടി രാത്രി 11 മണി എന്നത് 12 ലേക്ക് ആക്കാനും ഒരാള്‍ രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നു ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തു വന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് നിര്‍ദ്ദേശമനുസരിച്ചാണ് പിരിവെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
ഡ്രൈ ഡേ, ബാറുകളുടെ സമയം കൂട്ടല്‍ എന്നിവയടക്കം ഉടമകള്‍ മുന്നോട്ടു വച്ച കാര്യങ്ങള്‍ പരിഗണിച്ചുള്ള മദ്യ നയത്തിനു തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് പണം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്തായത്
‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ കൊടുക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളുണ്ടാകും. അതു ചെയ്തു തരാന്‍ കൊടുക്കേണ്ടത് കൊടുക്കണം’- ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇന്നലെ ബാര്‍ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗം കൊച്ചിയില്‍ നടന്നിരുന്നു. യോഗ സ്ഥലത്തു നിന്നാണ് ശബ്ദ സന്ദേശമയക്കുന്നതെന്നു അനിമോന്‍ പറയുന്നു. ഇടുക്കിയില്‍ നിന്നു സംഘടനയില്‍ അംഗമായവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് സന്ദേശമെത്തിയത്. പിന്നീട് ഇതു ഡിലീറ്റ് ചെയ്തു.
ശബ്ദരേഖ പുറത്തു വന്നത് അനിമോന്‍ നിഷേധിച്ചില്ല. എന്നാല്‍ പരിശോധിക്കണമെന്നു പറഞ്ഞു കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. കൊച്ചിയില്‍ സംഘടനയുടെ യോഗം നടന്നതായി പ്രസിഡന്റ് വി സുനില്‍ കുമാര്‍ സമ്മതിച്ചു. എന്നാല്‍ പണപ്പിരിവിനു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നു വ്യക്തമാക്കി.