25 December 2024

മുംബൈ: ‘ഭാരത് ജിപിടി’ എന്ന ആശയവുമായി റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയുമായി ചേര്‍ന്നാണ് അംബാനി ഗ്രൂപ്പ് എഐ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ടെക്‌ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ആകാശ് ഇക്കാര്യം പറഞ്ഞത്.

ജിയോയുടെ 2.0 പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബോംബെ ഐഐടിയുമായി ചേര്‍ന്ന് ഭാരത് ജിപിടി പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പദ്ധതിയില്‍ ജിയോ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത് ജിപിടി എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും 2024ന്റെ ആദ്യ മാസങ്ങളില്‍ തന്നെ തീയതി പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആകാശ് പറഞ്ഞു.വികസന പരിതസ്ഥിതി നിര്‍മ്മിക്കുക എന്നത് കമ്പനിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത ദശകത്തെ നിര്‍ണയിക്കുന്നത് തന്നെ എഐ ആപ്ലിക്കേഷനുകളാണ്. റിലയന്‍സ് ജിയോയുടെ എല്ലാ മേഖലയിലും എഐ പ്രയോജനപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആകാശ് പറഞ്ഞു. ജിയോ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പാണെന്നും, യുവസംരംഭകര്‍ പരാജയപ്പെടുന്ന ഭയത്തോടെ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതില്ലെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

മീഡിയ, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷന്‍, ഉപകരണങ്ങള്‍ എന്നിവയില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കമ്പനി അവതരിപ്പിക്കുമെന്നും ആകാശ് അറിയിച്ചു. ടിവികള്‍ക്ക് സ്വന്തം ഒഎസ് നിര്‍മിക്കുന്നതിന് വേണ്ടി കുറച്ച് കാലമായി കമ്പനി ആലോചിക്കുന്നുണ്ട്. അത് എങ്ങനെ അവതരിപ്പിക്കാമെന്ന് സമഗ്രമായി ആലോചിക്കുകയാണെന്നും അതിനുള്ള ജോലികള്‍ നടക്കുകയാണെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു. കമ്പനി 5ജി നെറ്റ്‌വര്‍ക്ക് വാഗ്ദാനം ചെയ്യുന്ന കാര്യത്തില്‍ വളരെയധികം ആവേശത്തിലാണെന്നും ആകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!