രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ വമ്പന്‍ ഹിറ്റായി മാറിയ ഭാരത് അരി ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലും വില്‍പ്പനയ്ക്ക് എത്തുന്നു. ഭാരത് ബ്രാന്‍ഡിലുള്ള അരിയും ആട്ടയും റെയില്‍വേ സ്റ്റേഷനുകളില്‍ വില്‍ക്കാന്‍ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് തീരുമാനിച്ചത്. മൊബൈല്‍ വാനുകള്‍ ഉപയോഗിച്ചാണ് അരി വിതരണം നടത്തുക. ഇതിനായുള്ള വാനുകള്‍ സജ്ജമായിട്ടുണ്ട്. ഭാരത് അരിയുടെ 5 കിലോ, 10 കിലോ പാക്കറ്റുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനുകളില്‍ ഭാരത് അരിയുടെ വിതരണം ഉണ്ടായിരിക്കുക. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂര്‍ വില്‍പ്പന ഉണ്ടാകും. അതേസമയം, വിപണനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. അരി വില്‍പ്പനയ്ക്ക് പ്രത്യേക ലൈസന്‍സോ, ചാര്‍ജോ റെയില്‍വേ ഈടാക്കുന്നതല്ല. റെയില്‍വേ സ്റ്റേഷനുകളില്‍ എവിടെ വാന്‍ പാര്‍ക്ക് ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അത് ഡിവിഷണല്‍ ജനറല്‍ മാനേജറാണ് തീരുമാനിക്കുക. ഭാരത് അരി കിലോയ്ക്ക് 29 രൂപയും ആട്ടയ്ക്ക് 27.50 രൂപയുമാണ് നിരക്ക്.