24 December 2024

തിരുവനന്തപുരം: ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാവും. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറാണ് നവ്യ. ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറും മത്സരിക്കും. ചേലക്കര കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി എസ് അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരന്‍ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ ഷാഫി പറമ്പിലിന് പിറകില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കൃഷ്ണകുമാറായിരുന്നു രണ്ടാമത്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായാ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി സരിനും ചേലക്കരയില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. കോണ്‍ഗ്രസിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടും രമ്യ ഹരിദാസ് ചേലക്കരയിലും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!