25 December 2024

തിരുവനന്തപുരം: തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ 10 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം എസ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എം എസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. ബിജെപി നിയന്ത്രണത്തിലുള്ളതാണ് തിരുവിതാംകൂര്‍ സഹകരണ സംഘം.

അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നുവെന്ന് പരാതിക്കാരായ നിക്ഷേപകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 150 ഓളം പരാതികള്‍ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്തി 10 കോടി കഴിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുകയും ചെയ്തു.

തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളില്‍നിന്നു പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് സെപ്റ്റംബറില്‍ ഉത്തരവായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ ഉത്തരവാദികളായ സെക്രട്ടറിയുള്‍പ്പെടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. ഈ സ്വത്തുവകകള്‍ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!