ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി എത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍ മാറി മാറി വരുന്നത് അഴിമതി സര്‍ക്കാരുകളാണെന്നും കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന രീതി പൊളിക്കണം. ഇത് പൊളിച്ചാലേ കേരളത്തിന് നീതി കിട്ടൂ. ഇവിടെ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഇവര്‍ ബന്ധുക്കളാണ്. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവര്‍ ഡല്‍ഹിയില്‍ സഖ്യത്തിലാണ്’, അദ്ദേഹം പറഞ്ഞു.
‘പൂഞ്ഞാര്‍ വിഷയവും അദ്ദേഹം പരാമര്‍ശിച്ചു. വൈദികന്‍ ആക്രമിക്കപ്പെട്ടുവെന്നും കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയെന്നും വിമര്‍ശിച്ചു. കാലഹരണപ്പെട്ട ആശയങ്ങളാണ് ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമുള്ളത്. പതിറ്റാണ്ടുകള്‍ ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ പിന്നെ അവര്‍ക്ക് അധികാരം കിട്ടിയില്ല. പതിറ്റാണ്ടുകള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായി’ , അദ്ദേഹം എടുത്ത് പറഞ്ഞു.