23 December 2024

കോഴിക്കോട്: പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് നവജാത ശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിന്റെ ശരീരം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ജീര്‍ണ്ണിച്ച് തുടങ്ങിയ മൃതദേഹത്തിന് ഒരുദിവസത്തോളം പഴക്കമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പ്രദേശത്തുകാരല്ലാത്ത മത്സ്യതൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഉടനെ തന്നെ സമീപത്തെ നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!