ടെഹ്‌റാന്‍: ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്‌റല്ലയുടെ മൃതുദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നസ്‌റല്ല ഒളിവില്‍ കഴിഞ്ഞിരുന്ന ബങ്കറിലാണ് മൃതുദേഹ ഭാ??ഗങ്ങള്‍ കണ്ടെത്തിയത്. തെക്കന്‍ ബെയ്റൂട്ടിലെ തിരക്കേറിയ തെരുവില്‍ നിന്ന് 60 അടി താഴെയാണ് ബങ്കര്‍ സ്ഥിതി ചെയ്യുന്നത്. ഹിസ്ബുളള തലവനൊപ്പം ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഇറാനിയന്‍ എലൈറ്റ് ഫോഴ്സിന്റെ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നില്‍ഫോറൗഷാന്‍ ആണ് കൊല്ലപ്പെട്ടത്. ഹസ്സന്‍ നസ്‌റല്ല ആക്രമിക്കപ്പെടുമ്പോള്‍ ജനറല്‍ അബ്ബാസ് ലെബനനിലെ ബങ്കറിലുണ്ടായിരുന്നു.
നസ്റല്ലയുടെ മരണം ഹിസ്ബുള്ള തന്നെ സ്ഥിരീകരിച്ചിരുന്നു. മരണം സ്ഥിരീകരിച്ചിരുന്നുവെങ്കിലും എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ശവസംസ്‌കാരം എപ്പോള്‍ നടക്കുമെന്നോ ഹിസ്ബുള്ള അറിയിച്ചിട്ടില്ലായിരുന്നു. നസ്റല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേലും നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 27 നാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആറ് കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.
ഇസ്രയേലി ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്റല്ലയാണ് ആക്രമണത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ന് അറിഞ്ഞത്. ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം ഹസ്സന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി സംശയങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് ഹിസ്ബുള്ള തന്നെ മരണം സ്ഥിരീകരിക്കുന്നത്. ഗസയില്‍ നിന്ന് ലെബനനിലേക്ക് സൈനിക ശ്രദ്ധ മാറ്റിയതിന് ശേഷമുളള ഏറ്റവും തീവ്രമായ ആക്രമാണ് സെപ്റ്റംബര്‍ 27 ന് നടന്നത്.
നസ്റല്ല വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയാണ്. ലെബനനില്‍, പ്രത്യേകിച്ച് ഷിയാ അനുയായികള്‍ക്കിടയില്‍ ആധിപത്യമുള്ള നേതാവാണ് നസ്റല്ല. 1992 ഫെബ്രുവരി മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലാണ് ഹസ്സന്‍ നസ്റല്ല. എട്ട് സഹോദരങ്ങളാണ് നസ്റല്ലയ്ക്കുളളത്. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഒടുവില്‍ ഷിയാ രാഷ്ട്രീയ, അര്‍ദ്ധസൈനിക വിഭാഗമായ അമല്‍ മൂവ്മെന്റില്‍ ചേര്‍ന്നു. 1982-ല്‍ ലെബനനിലെ ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. അന്ന് ഹിസ്ബുള്ള സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് നസ്റല്ല. ഇസ്രയേല്‍ സേനയ്ക്കെതിരായ ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കുന്നതിനായി ലെബനനിലെത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സഹായത്തോടെയാണ് ഈ സംഘം സ്ഥാപിതമായത്.
1985-ല്‍, ഹിസ്ബുള്ള ഒരു തുറന്ന കത്തില്‍ അമേരിക്കയെയും ഇസ്രയേലിനെയും ഇസ്ലാമിന്റെ പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുസ്ലിം പ്രദേശങ്ങള്‍ കൈവശപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേലിനെ തുടച്ചുമാറ്റണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം നിരവധി രഹസ്യ സ്ഥലങ്ങളിലായാണ് നസ്റല്ല കഴിയുന്നത്. 1997-ല്‍ ഹിസ്ബുള്ളയ്ക്കുവേണ്ടി പോരാടുന്നതിനിടെ നസ്റല്ലയുടെ മൂത്തമകന്‍ ഹാദി മരണപ്പെട്ടിരുന്നു. ഇസ്രയേല്‍ സൈന്യമാണ് ഹാദിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.