കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവര്‍സിയര്‍ പിടിയിലായി. കുറവിലങ്ങാട് സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയര്‍ തലയോലപ്പറമ്പ് കീഴൂര്‍ മുളക്കുളം മണ്ണാറവേലിയില്‍ എം കെ രാജേന്ദ്രനെയാണ് വൈദ്യുതി കണക്ഷന്‍ നല്‍കാനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.
കുറവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വീട്ടിലെ താല്‍ക്കാലിക കണക്ഷന്‍ സ്ഥിരമാക്കി നല്‍കാനാണ് ഓവര്‍സിയര്‍ പണം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രവാസിയുടെ പിതാവ് വിവരം വിജിലന്‍സില്‍ അറിയിക്കുകയും പിന്നീട് വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് രാജേന്ദ്രനെ അറിയിക്കുകയുമായിരുന്നു. രാജേന്ദ്രന്‍ പ്രവാസിയുടെ വീട്ടില്‍ എത്തുകയും താല്‍ക്കാലിക കണക്ഷന്‍ സ്ഥിരമാക്കി മാറ്റി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വിജിലന്‍സ് പ്രവാസിക്ക് നല്‍കിയ തുക രാജേന്ദ്രന് നല്‍കുന്നതിനിടെ വിജിലന്‍സ് സംഘം ഓവര്‍സിയറെ കയ്യോടെ പൊക്കി കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി നിര്‍മല്‍ ബോസ്, ഇന്‍സ്പെക്ടര്‍മാരായ സജു എസ്. ദാസ്, മനു വി. നായര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, പ്രദീപ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.