തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹെര്‍ബേറിയത്തിന് സസ്യ സ്പെസിമെനുകളുടെ ശേഖരമുള്ള ദേശീയ സങ്കേതമെന്ന അത്യപൂര്‍വ അംഗീകാരം. ദേശീയ ജൈവവൈവിധ്യ അതോറിറ്റിയാണ് വാഴ്സിറ്റി ഹെര്‍ബേറിയത്തിന് ദേശീയപദവി നല്‍കിയത്.
ഇതോടെ കേരളത്തിലെ ദേശീയ സങ്കേത പദവിയുള്ള ഏക ഹെര്ബേറിയമായി കാലിക്കറ്റിലെ ഹെര്‍ബേറിയം മാറി. കൂടുതല്‍ സസ്യ സ്പെസിമെനുകളുള്ള സര്‍വകലാശാല ഹെര്ബേറിയങ്ങളില് കാലിക്കറ്റ് ഹെര്‍ബേറിയം ഒന്നാമതാണ്.
ഒരു ലക്ഷത്തിലധികം സ്പെസിമെനുകളുടെ ശേഖരം ഇവിടെയുണ്ട്, നൂറിലധികം ടൈപ് സ്പെസിമെനുകളും.
ഹോര്‍ത്തൂസ് മലബാറിക്കസ് വ്യാഖ്യാനിക്കാന്‍ ഉപയോഗിച്ച സ്പെസിമെനുകളുടെ ശേഖരമാണ് ഇതില്‍ പ്രധാനം. ഡോ. കെ.എസ്. മണിലാല്‍, ഡോ. ടി.ആര്. സുരേഷ് എന്നിവരാണ് ഇവ ശേഖരിച്ചത്. സൈലന്റ് വാലി ദേശീയോദ്യാനം, അഗസ്ത്യമല ബയോ റിസര്‍വ്, പെരിയാര്‍ കടുവ സങ്കേതം, നിലമ്പൂര്‍, തൃശൂര്‍ വനങ്ങള്‍, ആലപ്പുഴ, പത്തനംതിട്ട, വയനാട് ഇടുക്കി ജില്ലകളുടെ ഫ്ലോറ പ്രസിദ്ധീകരണത്തിന് ഉപയോഗിച്ച സ്പെസിമെനുകള്, പശ്ചിമഘട്ടത്തിലെ പന്നല് വര്‍ഗങ്ങളുടെയും ഇഞ്ചി വര്‍ഗത്തില്‍പ്പെട്ട വന്യ ഇനങ്ങളുടെയും സമഗ്രശേഖരം, വന്യവാഴകള്, ചേന, ചേമ്പ് വര്‍ഗങ്ങള്‍, ബ്രയോഫൈറ്റുകള്‍ (പായല്‍ വര്‍ഗം) എന്നിവയുടെ ഇന്ത്യയിലെത്തന്നെ ശേഖരം എന്നിവയെല്ലാം സര്‍വകലാശാല ഹെര്ബേറിയത്തിലുണ്ട്. ലോകത്ത് എവിടെനിന്നും ലഭ്യമാകുന്ന രീതിയില്‍ ഇവയില്‍ 90 ശതമാനവും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്ന് ക്യൂറേറ്റര്‍ ഇൻ ചാര്‍ജ് ഡോ. എ.കെ. പ്രദീപ് പറഞ്ഞു.
കോയമ്പത്തൂരിലെ ബൊട്ടാണിക്കല്‍ സർവേ ഓഫ് ഇന്ത്യ ഹെര്‍ബേറിയം മാത്രമാണ് സമീപത്ത് ദേശീയ സങ്കേത പദവിയുള്ള മറ്റൊരു ഹെര്‍ബേറിയം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഔഷധ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹെര്‍ബേറിയം ഏറെ സഹായകരമാണ്. ഇന്ത്യയിലെ ഫാര്‍മസികള്‍ക്ക് വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഔഷധ നിര്‍മാണം നടത്താന്‍ ഹെര്ബേറിയങ്ങളുടെ സഹായം അത്യാവശ്യമാണ്. നിലവില്‍ കൊല്‍ക്കത്തയിലെ ഹെര്ബേറിയത്തെയാണ് അധികവും ആശ്രയിക്കുന്നത്. ദേശീയ സങ്കേത പദവി ലഭിച്ചതോടെ കാലിക്കറ്റ് ഹെര്ബേറിയത്തെയും ഉപയോഗപ്പെടുത്താനാകും. ബോട്ടണി പഠനവിഭാഗത്തിലെ ശീതീകരിച്ച രണ്ട് മുറികളിലാണ് ഹെര്‍ബേറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തെ സസ്യങ്ങളെ തിരിച്ചറിയാനും കാറ്റലോഗ് നിര്‍മിക്കാനും ഹെര്‍ബേറിയത്തിലെ സസ്യശേഖരം സഹായിക്കും. അതത് പ്രദേശങ്ങളില്‍ സസ്യങ്ങള്‍ക്കുണ്ടാകുന്ന അപചയവും മാറ്റവും സമയബന്ധിതമായി ഗ്രഹിക്കാനുമാകും. ഇതിലൂടെ ഏതെങ്കിലും സസ്യത്തിന് വംശനാശം സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍ വര്‍ഷാവര്‍ഷങ്ങളിലെ സസ്യരേഖകള് പരിശോധിച്ചാല്‍ മതിയാകും.