24 December 2024

ഡല്‍ഹി: ഡോക്ടര്‍മാര്‍ക്ക് ആശ്വാസം. ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍മാരെ പ്രതിചേര്‍ക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ഡോ.നീരജ് ദാസും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ജസ്വീന്ദര്‍ സിങ് എന്നയാളും ഇദ്ദേഹത്തിന്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നല്‍കാന്‍ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നേരത്തെ പുറപ്പെടുവിച്ച വിധി ഇതോടെ റദ്ദായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!