തിരുവനന്തപുരം: അക്കൗണ്ടൻറിന്റെ 2.25 കോടി രൂപ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ കേശവ് ശർമ, രാജസ്ഥാൻ സ്വദേശി ദേരു ലാൽ ശർമ എന്നിവരെയാണ് സിറ്റി സൈബർ ക്രൈം പൊലീസിലെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്.
മുംബൈ വിമാനത്താവളത്തിലെത്തിയ പരാതിക്കാരന്റെ പേരിലുള്ള പാഴ്സലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും കൂടെ പാസ്പോർട്ടിന്റെയും ആധാറിന്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തിരുവനന്തപുരത്തെ ചാർട്ടേട് അക്കൗണ്ടൻറിനെ വിളിച്ചത്. അക്കൗണ്ടുകളിലേക്ക് 2.25 കോടി രൂപ ചാർട്ടേട് അക്കൗണ്ടൻറിൽനിന്ന് നിക്ഷേപിപ്പിച്ച് പണം 70ൽപരം അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുത്തു. ഇത് ക്രിസ്റ്റോ കറൻസിയായും ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങിയും കൈമാറ്റം ചെയ്യപ്പെട്ടു.
ആദ്യം പണം കൈമാറിയ 6 അക്കൗണ്ടുകളിലൊന്ന് രാജസ്ഥാനിലെ കുമാർ അസോസിയേറ്റ്സെന്ന കമ്പനിയുടേതാണ്. ഇത് ഒരു വ്യാജ കമ്പനിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും നൂതന സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളുടെ വിവരം ശേഖരിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുകയായിരുന്നു. വലിയ ശൃംഗലയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് കമീഷണർ നാഗരാജു ചകിലത്തിന്റെ നിർദേശാനുസരണം ഡെപ്യൂട്ടി പൊലീസ് കമീഷണർ നിധിൻ രാജിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ തിരുവനന്തപുരം സിറ്റി. അസി. കമീഷണർ പി.പി. കരുണാകരൻ, പൊലീസ് ഇൻസ്പെക്ടർ പി. ബി. വിനോദ്കുമാർ, സബ് ഇൻസ്പെക്ടർ കെ.എൻ. ബിജുലാൽ, സബ് ഇൻസ്പെക്ടർ വി. ഷിബു, സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സി.പി.ഒമാരായ വിപിൻ വി, വിപിൻ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.