ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ മാധ്യമ കമ്പനിയായ വാള്‍ട്ട് ഡിസ്‌നി മീഡിയയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം പതിനെട്ടും തമ്മിലുള്ള ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഔഫ് ഇന്ത്യയുടെ(സിസിഐ) അംഗീകാരം.
ലയനത്തോടെ ബ്രാഡ്കാസ്റ്റിങ് രംഗത്തും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും മേഖലയിലും രാജ്യത്തെ ഏറ്റവും വലിയ മീഡിയ പവര്‍ഹൗസായി ഡിസ്‌നി- റിലയന്‍സ് കമ്പനി മാറി.850 കോടി ഡോളറാണ് വമ്പന്‍ മീഡിയ സ്ഥാപനത്തിന്റെ ആസ്തി. ഈ മീഡിയ സ്ഥാപനത്തിന് കീഴില്‍ 120 ടിവി ചാനലുകളും രണ്ട് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമാണ് വരിക.
ഫെബ്രുവരിയിലാണ് സംയുക്ത സംരംഭം സംബന്ധിച്ച് റിലയന്‍സും വാള്‍ട്ട് ഡിസ്‌നിയും പ്രഖ്യാപനം നടത്തിയത്. ഇരു സ്ഥാപനത്തിന്റേയും കീഴിലുള്ള വയാകോം പതിനെട്ടും സ്റ്റാര്‍ ഇന്ത്യയും തമ്മില്‍ ലയിപ്പിച്ച് പുതിയ സംരംഭത്തിന് രൂപം നല്‍കാനാണ് കമ്പനികള്‍ ധാരണയായത്. നേരത്തെ ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികള്‍ വാങ്ങാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. മാധ്യമമേഖലയില്‍ കുത്തകവല്‍ക്കരണത്തിന് ഇത് കാരണമാകുമോ എന്ന സംശയമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ (സിസിഐ) ഉന്നയിച്ചത്. വിഷയത്തില്‍ ഇരു കമ്പനികളോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.