24 December 2024

മൂന്നാം മോദി മന്ത്രിസഭയിലും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ബിജെപിക്ക് തന്നെ. മന്ത്രിസഭയില്‍ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത രാജ്നാഥ് സിങ് പ്രതിരോധ വകുപ്പും മൂന്നാമനായ അമിത് ഷാ ആഭ്യന്തര വകുപ്പും നിലനിര്‍ത്തി. ഇവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാവായ നിതിന്‍ ഗഡ്കരിയും രണ്ടാം മന്ത്രിസഭയിലെ തന്റെ വകുപ്പുകള്‍ നിലനിര്‍ത്തി. റോഡ് ഗതാഗതവും ഹൈവേ വികസനവുമാണ് നിതിന്‍ ഗഡ്കരിയുടെ വകുപ്പുകള്‍. എസ് ജയശങ്കര്‍ വിദേശകാര്യവും നിര്‍മല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്ണവ് റെയില്‍വേയും ഭരിക്കും. അശ്വിനി വൈഷ്ണവവിനെ കൂടാതെ അജയ് തംതയും ഹര്‍ഷ് മല്‍ഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു.

ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നല്‍കിയിട്ടുള്ളത്. മധ്യപ്രദേശില്‍ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മനോഹര്‍ ലാല്‍ ഖട്ടര്‍ നഗരാസൂത്രണവും ധര്‍മേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എല്‍ജെപിയുടെ മന്‍സൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയല്‍ വ്യവസായവും കൈകാര്യം ചെയ്യും. ജിതന്‍ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹന്‍ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സര്‍ബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീല്‍ വകുപ്പും ഹര്‍ദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. പീയൂഷ് ഗോയല്‍ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും.

കേരളത്തില്‍ നിന്നുള്ള എംപിയായ സുരേഷ് ഗോപി ടൂറിസം പെട്രോളിയം സഹമന്ത്രിയാകും . സുരേഷ് ഗോപിക്ക് പുറമെ സഹമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ജോര്‍ജ് കുര്യന്‍ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയാകും.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 ക്യാബിനറ്റ് അംഗങ്ങള്‍, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 കേന്ദ്ര സഹമന്ത്രിമാര്‍ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എംപിമാര്‍ സത്യവാചകം ചൊല്ലി. മോദിക്ക് ശേഷം, രണ്ടാമതായി രാജ്‌നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 2019 ല്‍ നിന്ന് വ്യത്യസ്തമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്.

ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളത്. 10 പേര്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ളവരും അഞ്ച് പേര്‍ എസ് ടി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖര്‍ ചടങ്ങിനെത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു തുടങ്ങി വിവിധ രാജ്യങ്ങളുടെ തലവന്‍മാര്‍ ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!