തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം. ജനുവരി ആദ്യവാരമാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡിസംബര്‍ 3 മുതല്‍ ആയിരുന്നു കലോത്സവം നിശ്ചയിച്ചത്. ഡിസംബര്‍ നാലിന് എന്‍എഎസ് (നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവ തീയതി മാറ്റിയത്. കലോത്സവ മാനുവലിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
തദ്ദേശീയ നൃത്തരൂപങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഇനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ അഞ്ചിനങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി കലോത്സവ വെബ്‌സൈറ്റും പരിഷ്‌കരിച്ചിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിയതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങളുടെ സമയത്തിലും മാറ്റം വരുത്തുന്നതായിരിക്കും. സ്‌കൂള്‍തല കലോത്സവങ്ങള്‍ ഒക്ടോബര്‍ 15നകവും, സബ് ജില്ലാ കലോത്സവം നവംബര്‍ 10നകവും ജില്ലാതലം ഡിസംബര്‍ മൂന്നിനകവും പൂര്‍ത്തീകരിക്കുന്നതായിരിക്കും.