24 December 2024

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതു മൂലം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ചുപോയതായും സംഭവത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതില്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വീഴ്ച ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും. മത്സ്യകൃഷി ഉള്‍പ്പെടെ നടത്തിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ.മീര എടയാര്‍ വ്യവസായ മേഖലയിലെത്തും. മലിനീകരണ നിയന്ത്രബോര്‍ഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് കൊടുക്കാനാണ് കളക്ടറുടെ നിര്‍ദേശം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയില്‍ നിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിള്‍ കുഫോസിലാണ് പരിശോധിക്കുന്നത്. പിസിബി യുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്ന് എലൂര്‍ പിസിബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കെടുപ്പ് ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!