26 December 2024

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയില്‍ ടാര്‍ വീപ്പയില്‍ കയറി ഒളിച്ച ഏഴുവയസ്സുകാരന്റെ കാല്‍ ടാറില്‍ പുതഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയില്‍ താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മല്‍ ഫസലുദ്ദീന്റെ മകന്‍ സാലിഹാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

വീപ്പയില്‍ അടിഭാഗത്തായി ടാര്‍ ഉണ്ടായിരുന്നത് കുട്ടി കണ്ടിരുന്നില്ല. ഇതില്‍ ഇറങ്ങിയ സാലിഹിന്റെ മുട്ടിന് താഴ്ഭാഗം വരെ ടാറില്‍ പുതഞ്ഞുപോവുകയായിരുന്നു. ഒരു മണിക്കൂറോളം കുട്ടി ഇതേ അവസ്ഥയില്‍ ടാര്‍വീപ്പയില്‍ കുടുങ്ങിപ്പോയി. മറ്റു കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മുക്കം ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തി.

സാലിഹ് ധരിച്ചിരുന്ന പാന്റ്‌സിന്റെ ഭാഗം പകുതി കീറിക്കളഞ്ഞ് കുട്ടിയെ സാവധാനം പുറത്തേക്ക് എടുക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കാലില്‍ ഉറച്ചുപോയ ടാറിന്റെ അംശങ്ങള്‍ തുടച്ചുമാറ്റിയത്. പരിഭ്രാന്തിമൂലം അവശനായ സാലിഹിന് ആവശ്യമായ പരിചരണം നല്‍കി.

മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബുദ്ദുല്‍ ഗഫൂര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ. ശനീബ്, കെ. ടി സാലിഹ്, കെ. രജീഷ്, ആര്‍.വി അഖില്‍, ഹോം ഗാര്‍ഡ് ചാക്കോ ജോസഫ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!