ചൈനയില്‍ ചിലയിടങ്ങളില്‍ പക്ഷിപ്പനി തുടര്‍ച്ചയായി മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്.ഇപ്പോഴിതാ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് മുപ്പത്തിമൂന്നുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്. എച്ച്5എൻ6 എന്ന വകഭേദമാണത്രേ യുവതിയെ ബാധിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ മരണം സംഭവിച്ചത്.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ബസോഭ് എന്ന സ്ഥലത്തുള്ളൊരു കോഴി ഫാമില്‍ ഇവര്‍ ചെന്നിരുന്നുവത്രേ. ഇവിടെ നിന്നാണ് പക്ഷിപ്പനി ഇവരിലേക്ക് എത്തിയത് എന്നാണ് കരുതപ്പെടുന്നത്.പിന്നീട് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍ ഇരുപത് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ച വാര്‍ത്ത കൂടി വന്നതോടെ ചൈനയില്‍ മനുഷ്യരില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ കടുത്ത ആശങ്കയാണ് പടര്‍ന്നിരിക്കുന്നത്. 39 ശതമാനത്തോളം മരണസാധ്യതയുള്ള വൈറസ് വകഭേദമാണ് എച്ച്5എൻ6. ഇത് മനുഷ്യരിലേക്ക് എത്തുന്നത് അങ്ങനെ സാധാരണമല്ല.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 88 എച്ച്5എ6 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 87 കേസും ചൈനയിലെ മെയിൻലാൻഡിലാണ്. അതിനാല്‍ തന്നെ ഇവിടെ ആരോഗ്യവകുപ്പ് കാര്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതായാണ് വിവരം.
കൊവിഡ് 19 മഹാമാരിയുടെ പ്രഭവകേന്ദ്രം ചൈനയായിരുന്നു. ഇത് പിന്നീട് ലോകമൊട്ടാകെ പരക്കുകയായിരുന്നു. ഈയൊരു ഭയത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ പക്ഷിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മറ്റ് രാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.