29 December 2024

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ എട്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോസ്റ്റലില്‍ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തി. ഇതേ ഹോസ്റ്റലിലെ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചത് കോളറ ബാധയെ തുടര്‍ന്നെന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ 26 വയസ്സുകാരന്‍ അനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുവിന് ശര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണം കോളറ ആണോ എന്ന് സംശയത്തിന് ഇടയാക്കിയത്. വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനു മരിച്ചത്. അനുവിന്റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ മരണം കോളറ മൂലമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ച് ഡിഎച്ച്എസിന് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവില്‍ ഒരാള്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഏഴുപേര്‍ കോളറ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം മരിച്ച 26 കാരന്റെ പരിശോധനാഫലത്തില്‍ കോളറ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 ലായിരുന്നു സംസ്ഥാനത്ത് അവസാനമായി കോളറ ബാധിച്ച് മരണം സംഭവിച്ചത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് പേര്‍ക്ക് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!