തിരുവനന്തപുരം: കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് സംസ്ഥാന വിവരാവകാശ കമീഷന്‍ ഉത്തരവിറക്കി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകള്‍ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കല്‍ വി രാജേന്ദ്രന്‍ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ കേരള ബാങ്കിന് വിവരാവകാശ നിയമം ബാധകമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഇതിനെതിരെയുള്ള ഹര്‍ജി പരിഗണിച്ച വിവരാവകാശ കമീഷന്‍, ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുധ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ നിലവില്‍ വന്ന കേരള ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയാന്‍ പൗരന് അവകാശമുണ്ടെന്ന്? സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവില്‍ വ്യക്തമാക്കി. ആകെ 2159 കോടി മൂലധനമാണ് കേരള ബാങ്കിനുള്ളത്. അതില്‍ സര്‍ക്കാരിന്റെ 906 കോടി രൂപ ഓഹരിയുള്ള, 400 കോടിരൂപ സര്‍ക്കാരിന്റെ അധിക മൂലധനമുള്ളതുമായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം പൗരന്‍ അറിയണമെന്നും ഉത്തരവില്‍ പറയുന്നു.