കേന്ദ്ര ഏജന്‍സിയായ എന്‍ഐസിയുടെ റേഷന്‍ വിതരണത്തില്‍ ട്രയല്‍ റണ്‍ സ്ഥിരീകരിച്ച് സിവില്‍ സപ്ലൈസ് കമ്മീഷണര്‍. റേഷന്‍ വിതരണത്തിലെ സാങ്കേതിക സേവനത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ല. ട്രയല്‍ റണ്ണിനു ശേഷം തുടര്‍ നടപടികള്‍ നടത്തും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി സജിത്ത് ബാബു ഐഎഎസ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഐടി മിഷനെ ശാക്തീകരിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങി.റേഷന്‍ വിതരണത്തിലും മസ്റ്ററിങ്ങിലും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ ഐടി മിഷനെ ഒഴിവാക്കാന്‍ പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.
ഐടി മിഷനെ ഒഴിവാക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി സജിത് ബാബു റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ കത്തില്‍ ഇത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് സ്ഥിരീകരിച്ചു. എന്‍ഐസിയുടെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷമേ തുടര്‍നടപടി ഉണ്ടാകൂ എന്നാണ് സിവില്‍ സപ്ലൈസ് കമ്മീഷണറുടെ വിശദീകരണം. ട്രയല്‍റണ്‍ തീയതി തീരുമാനിക്കാന്‍ അടുത്തയാഴ്ച്ച യോഗം ചേരും. എന്‍ഐസിയെ ഐടി മിഷനൊപ്പം സമാന്തരമായി കൊണ്ടുപോകാന്‍ നേരത്തെ ധാരണയായെന്നും ഇതിന് 3.5ലക്ഷം രൂപ നല്‍കിയെന്നും കത്തില്‍ അറിയിച്ചു.
എന്‍ഐസിയെയും ഐടി മിഷനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നെങ്കിലും അത് പ്രായോഗികമാകില്ലെന്ന് വിലയിരുത്തിയാണ് എല്ലാ റേഷന്‍ സേവനങ്ങളും എന്‍ഐസിക്ക് നല്‍കാന്‍ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങിയത്. റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയെ കൊണ്ടുവന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നാണക്കേടാകുമെന്ന് ഉറപ്പാണ്. വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സിയെ തള്ളി ഐടി മിഷനെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ പുതിയ ആലോചന.