4 January 2025

തിരുവനന്തപുരം: സനാതന ധർമ പരാമർശത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രത്തിൽ കയറാൻ വസ്ത്രമൂരുന്നത് അനാചാരമാണെന്നതു തന്റെ മാത്രം അഭിപ്രായമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാമർശം ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്താനെന്ന് ആരോപണവുമായി നേരത്തെ ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു.

സനാതന ധർമവുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്. സനാതന ധർമത്തിന്റെ വക്താവ് ആയിട്ടല്ല ശ്രീനാരായണ ഗുരുവിനെ കാണേണ്ടത്. ക്ഷേത്രത്തിൽ കയറാൻ ഷർട്ട് മാറണമെന്നത് തെറ്റായ ആചാരമാണെന്നത് നല്ല നിലപാടാണ്. ഇത് എല്ലാവരും ചർച്ച ചെയ്ത് നടപ്പാക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. ശ്രീനാരായണ ഗുരുവിനെ റാഞ്ചിയെടുക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമത്തിന്റെ പേരിൽ ഗുരുവിനെ തളച്ചിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ശിവഗിരിയിൽ നടന്ന യുവജന സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ പറഞ്ഞു.

ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി പ്രവേശിക്കുന്ന ആചാരം മാറ്റുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. ദേവസ്വം ബോർഡുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപി ദേശീയ നേതൃത്വവും രംഗത്തെത്തി. ചില പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി സനാതനധർമത്തെ വിമർശിക്കുന്നതെന്നാണ് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനെവാല ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!