പാലക്കാട് : നവകേരളസദസ്സിനായി ജില്ലയിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രിയുടെ ബസിനുനേരേ കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടി വീശി. പെരിന്തൽമണ്ണയിൽനിന്ന് തൂതപ്പാലംവഴി ഷൊർണൂരിലേക്ക് പോകുന്നതിനിടെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ ബസ് തൂതയിലെത്തിയപ്പോഴാണ് സംഭവം.
സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ അഭിവാദ്യങ്ങൾക്കിടെ കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് കറുത്തതുണി വീശുകയായിരുന്നു.ഇയാളെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരാതിയുണ്ട്.
എന്നാൽ, സ്റ്റേഷൻ പരിധിയിലെവിടെയും മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടായിട്ടില്ലെന്ന് ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ശശികുമാർ പറഞ്ഞു.