സംസ്ഥാനത്ത് രോഗബാധയും വിലയി’ടിവും കാരണം കൊക്കോ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയില്‍. കേരളത്തില്‍ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്നത്. ഇവിടെയാണ് കര്‍ഷകര്‍ ഇപ്പോള്‍ വലിയ രീതിയിലുള്ള പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത്. രോഗം ബാധിച്ചതിനാല്‍ തങ്ങളുടെ കൃഷി വ്യാപകമായി നശിച്ചു പോകുന്നതാണ് ഇടുക്കി ജില്ലയിലെ കൊക്കോ കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞു. ഇതോടൊപ്പം കര്‍ഷകരുടെ കയ്യിലുള്ളത് മോശം പരിപ്പായതിനാല്‍ വിലകുത്തനെ ഇടിയുന്ന സാഹചര്യവുമാണ് നിലവിലുള്ളത്.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏതാണ്ട് കൊക്കോപ്പരിപ്പിന് ആയിരത്തിന് മുകളില്‍ വരെ വില ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും 300 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നാണ് കര്‍ഷകര്‍. വലിയ രീതിയിലുള്ള നഷ്ടം സഹിച്ചാണെങ്കിലും പല കര്‍ഷകരും 300 രൂപയ്ക്ക് തങ്ങളുടെ ചരക്ക് വില്ക്കാന് തയ്യാറാണ്. എന്നാല്‍ 300 രൂപയ്ക്ക് പോലും എടുക്കാന്‍ ആളില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതോടെ കര്‍ഷകര്‍ ആകെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊക്കോയില്‍ ഇത്തരത്തില്‍ രോഗ വ്യാപനം ഉണ്ടാക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂടാതെ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൃഷി വകുപ്പ് തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു.
ഇടുക്കി ജില്ലയില്‍ ഏതാണ്ട് 7550 ഹെക്ടര്‍ സ്ഥലത്താണ് കൊക്കോ കൃഷി ചെയ്യുന്നത്.. ഇതില്‍ തന്നെ അടിമാലി, മാങ്കുളം, വാത്തിക്കുടി, കൊന്നത്തടി വെള്ളത്തൂവല്‍ രാജാക്കാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ആണ് കൂടുതലായും കൊക്കോ കൃഷി ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ മിക്ക തോട്ടങ്ങളിലെയും കായ്കളെല്ലാം മരത്തില്‍ തന്നെ കരിഞ്ഞു പോകുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. സാധാരണ രീതിയില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ മാസത്തെ കാലയളവില്‍ ആണ് കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവ് ലഭിക്കുന്നത്. സാധാരണ രീതിയില്‍ വര്‍ഷത്തില്‍ ഏഴു മുതല്‍ 9 മാസം വരെ കൊക്കോയില്‍ നിന്നും വിളവ് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അസുഖം ബാധിച്ചതിനാല്‍ ഉല്പാദനം വളരെ കുറവാണ്.
കൊക്കോ ചെടികള്‍ക്ക് അസുഖം പടര്‍ന്നതും ഇതോടൊപ്പം കൃത്യമായ രീതിയില്‍ മഴ ലഭിക്കാത്തതുമാണ് ഇവരെ അലട്ടിയ പ്രധാന പ്രശ്നങ്ങള്‍. മുന്‍വര്‍ഷങ്ങളിലും കാലാവസ്ഥ പ്രശ്നങ്ങള്‍ മൂലം 20 മുതല്‍ 25 ശതമാനം വരെ വിളവുകള്‍ നശിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി അതിലും മോശമാണ്. സാധാരണ രീതിയില്‍ ഒരു മരത്തില്‍ 100 മുതല്‍ 200 കായ് വരെ ആണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ ഒന്നും അവശേഷിക്കാത്ത അവസ്ഥയിലാണ്. സാധാരണ രീതിയില്‍ സെപ്റ്റംബര്‍ മാസങ്ങളില്‍ ഉല്പാദനം ഉയര്‍ന്നു നില്‍ക്കേണ്ട സമയമാണ്. എന്നാല്‍ വിളവ് തീരെ ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഫൈതോഫ് തോറ എന്ന ഫംഗസ് ആണ് കൊക്കോ കൃഷിയെ കാര്യമായി ബാധിച്ചത്.