ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട റെയില്‍വേയുടെ ഐആര്‍സിടിസി പോര്‍ട്ടലിനെതിരെ വ്യാപക പരാതി. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആര്‍സിടിസി പോര്‍ട്ടലില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും സൈറ്റും ആപ്പും ഒരുപോലെ ഹാങ്ങാകുന്നതുമായാണ് പരാതി ഉന്നയിക്കുന്നവര്‍ പറയുന്നത്. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐആര്‍സിടിസി സൈറ്റുകളില്‍ കയറുമ്പോള്‍ നാലോ അഞ്ചോ മിനിറ്റുകള്‍ക്ക് ശേഷം മാത്രമാണ് ലോഡായി വരുന്നതെന്നും അപ്പോഴേക്കും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയോ അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറിയിട്ടുണ്ടാകുമെന്നാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്ന പരാതി.
സാധാരണ രീതിയില്‍ എസി ക്ലാസുകള്‍ ബുക്ക് ചെയ്യുന്നതിന് രാവിലെ 10 മണിക്കും നോണ്‍ എസി ക്ലാസുകള്‍ ബുക്ക് ചെയ്യുന്നതിന് രാവിലെ 11 മണിക്കുമാണ് തത്കാല്‍ ബുക്കിംഗ് സാധാരണ രീതിയില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഈ സമയത്ത് ഉയര്‍ന്ന ട്രാഫിക് കാരണം സൈറ്റ് ഹാങ്ങാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള ഹാങ്ങിംഗ് ഒഴിവാക്കുന്നതിനായി സെര്‍വര്‍ ഐആര്‍സിടിസി അപ്‌ഗ്രേഡ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ബുക്ക് ചെയ്ത പല യാത്രക്കാരും പറയുന്നത്. ഐആര്‍സിടിസിയുടെ സൈറ്റിന് മാത്രമല്ല മൊബൈല്‍ ആപ്പിനും സമാനമായ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നാണ് യാത്രക്കാര്‍ പറയുന്നത്. 80 ശതമാനത്തിലധികം ട്രെയിന്‍ ടിക്കറ്റുകളും ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യുന്നത്. വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ നേരിട്ട് പോയി ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളൂ. അതിനാല്‍ തന്നെ ഇത്തരം ബുദ്ധിമുട്ടുകള്‍ സൈറ്റില്‍ അനുഭവിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്.
പലരും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് തന്നെയാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നിട്ട് പോലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. വെബ്‌സൈറ്റില്‍ ബുക്ക് നൗ ക്ലിക്ക് ചെയ്താല്‍ ഉടന്‍തന്നെ സിസ്റ്റമോ അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഫോണോ ഹാങ്ങാവും എന്നും വെബ്‌സൈറ്റ് ലോഡ് ആവാത്ത സ്ഥിതിയാണ് പിന്നീട് ഉണ്ടാകുന്നത് എന്നും ഉപയോക്താക്കള്‍ പറയുന്നു.
ടിക്കറ്റ് സ്വന്തമായി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നം അനുഭവിക്കുന്നതെന്നും ഉയര്‍ന്ന ഡിമാന്‍ഡുള്ള റൂട്ടുകളില്‍ പോലും ട്രാവല്‍ ഏജന്റ്മാര്‍ക്ക് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.