ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും മോദി കുറിച്ചു. ‘നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’, മോദി കൂട്ടിച്ചേർത്തു.
ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നേടിയത്. ഡിസംബറിലാകും ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിൻ്റെ മുന്നേറ്റം. വേട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്.
സ്വിങ്ങ് സ്റ്റേറ്റുകളിൽ ട്രംപ് കാഴ്ചവെച്ച മികച്ച പ്രകടനം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായി. ഇതുവരെ പുറത്ത് വന്ന ഫലസൂചന പ്രകാരം സെനറ്റിലേയ്ക്കും ജനപ്രതിനിധി സഭയിലേയ്ക്കും റിപ്പബ്ലിക്കൻ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. സെനറ്റിൽ കേവല ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിലും കേവല ഭൂരിപക്ഷത്തിലേയ്ക്ക് മുന്നേറുകയാണ്.