കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നതായി പരാതി. ഹരിയാനയിലെ പഞ്ച്കുലയില്‍ ഇന്ന് രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എ പ്രദീപ് ചൗധരിക്കും സംഘത്തിനും നേരെയാണ് ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോള്‍ഡിക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. ഗോള്‍ഡി ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് എന്നാണ് വിവരം. രണ്ട് പ്രാവശ്യം വെടിയേറ്റ ഗോള്‍ഡിയെ ഛണ്ഡീഗഡിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി.
ഹരിയാനയിലെ കല്‍ക മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് പ്രദീപ് ചൗധരി. ഇത്തവണയും അദ്ദേഹം മത്സര രംഗത്തുണ്ട്. അതേസമയം ആരാണ് ആക്രമിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.